ഇന്ന് ലോക മനുഷ്യാവകാശ ദിനം
മാനുഷിക മൂല്യങ്ങളുടെ പുത്തൻ പ്രതീക്ഷകളുമായി മറ്റൊരു ലോക മനുഷ്യാവകാശ ദിനം കൂടി. സാമൂഹിക, സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ ഒത്തൊരുമയോടെ മുന്നോട്ട് എന്ന ആഹ്വാനമാണ് ഇത്തവണ ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ചിരിക്കുന്നത്. മനുഷ്യാവകാശം 365 എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. എല്ലാ ദിവസവും മനുഷ്യാവകാശം എന്ന ആശയമാണ് ഇതിലൂടെ നൽകുന്നത്.
എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്ത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയും ഉള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം. 1948
മുതലാണ് ഐക്യരാഷ്ട്ര സഭയുടെ നിർദേശപ്രകാരം ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു വരുന്നത്. അനന്തസോടെ സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശ ദിനം ഓരോ മനുഷ്യനും നൽകുന്നത്.എല്ലാമനുഷ്യരുടേയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം എന്നറിയപ്പെടുന്നത്. “മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു”. സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും , ജനാധിപത്യക്രമം പാലിക്കപ്പെടതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ് .മാനവിക മൂല്യങ്ങളെ പരിരക്ഷിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലുമായി ഓരോ മനുഷ്യാവകാശ ദിനവും കടന്നു പോകുമ്പോൾ മനുഷ്യാവകാശ ലംഘനങ്ങൾ ലോകമെങ്ങും അരങ്ങറുന്നു. സിറിയയിലും പലസ്തീനിലും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെടുമ്പോൾ ലോകം നോക്കു കുത്തിയാവുകയാണ്.
ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കുട്ടികളോടുള്ള അതിക്രമങ്ങൾ, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയിലും അരങ്ങേറുന്നു. ലോകം ഏറെ പുരോഗമിച്ചിട്ടും മനുഷ്യാവകാശത്തെ അമർച്ച ചെയ്യാനുളള പ്രവണതയിൽ മാറ്റമില്ലാത്തത് ലജ്ജാകരമാണ്. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ ശബ്ദമുയർത്താൻ ഈ ദിനം ഊർജം പകരട്ടെ......
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..